ചിതമണക്കുന്നു
ഹരികൃഷ്ണ കിഷാേർ
ചിതമണക്കുന്നു,
തൊടിയിലൊരു
കോണിലെരിയുന്ന തീയിൽ
പച്ച മാവിന്റെ ഉടലിന്റെ പുകയിൽ
വെന്ത മാംസവും അസ്ഥിയും കനലും
കൂനകൂടിയ കാവടിപ്പാത്തിയിൽ.
വഴിയിലോരത്തിലറിയാതെ വീണവൻ
അറിവുകൂടിയോർക്കിടയിൽ എരിയുമ്പോൾ
കണ്ണുനീർ തൂകി ചുറ്റും നിരക്കുന്ന
കപടവസ്ത്രത്തിനുള്ളിൽ നിന്നപ്പോഴും
ഒടുവിൽ നസിക തുമ്പിൽ മണക്കുന്ന
മർത്യ മരണത്തിനാദി കുറിക്കുന്ന
സത്യമാകുമാ ചിത മണക്കുന്നു
മറിലമൃതുനിറച്ച ദൈവത്തിന്റെ
വാതിൽ തല്ലി തകർക്കുന്നവർക്കുള്ളിൽ,
ആത്മബോധം തകർത്തംഗാലാവണ്യ
ത്തിലമ്പരന്നു പരക്കുന്നവർക്കുള്ളിലാ
രുമറിയാതറിഞ്ഞൊരാ ചിതയുടെ
മരണ മാദക ഗന്ധം വമിക്കുന്നു
പിഞ്ചുമാംസം കടിച്ചു നീരൂറ്റിയ
നകതജ്ഞരന്മാർ നടക്കുന്ന വീഥിയിൽ
നീതിന്യായ കിതാബുകൾക്കുള്ളിലെ
പഴുതുതള്ളി തുറക്കുന്നവർക്കുള്ളിൽ
എങ്ങുനിന്നോ നയിക്കുന്ന
ന്യായത്തിനറുതിയാകുന്ന
അന്ത്യനാളത്തിന്നു കത്തി
എരിയുവാൻ ചിത മണക്കുന്നു.
കൂപ്പുകൈകൊണ്ടു നാം തീർത്ത
ദൈവത്തെ ജാതി ചൊല്ലി വിളിച്ചി
ട്ടതിനുള്ളിൽ വർഗ വർഗീയ വിദ്വേഷ
ഭാവങ്ങൾ ധാര ധാരയായൊഴിക്കുന്നവർ
ക്കുള്ളിൽ,ദൈവമായ്‌ത്തീരുമഗ്നി നാള
ത്തിന്റെ നാവു നീട്ടി ചിതയൊരുക്കുന്നു.
കപട വസ്ത്ര കൊടിക്കൂറകൾ കെട്ടി
ചപല നാടക നാട്യം നടിക്കുന്ന
കുടില രാഷ്ട്രീയ വന്മരങ്ങൾക്കുള്ളിൽ
വേരു കുത്തി പറിക്കാൻ കണക്കിനെ
കുത്തൊഴുക്കുപോൽ മരണമെത്തുന്നു.
ചുറ്റിലൊക്കവേ മരണഗന്ധിയാം
ചന്ദനത്തിരി ചിത മണക്കുന്നു.
മനുഷ്യനാകാത്ത മനുഷ്യന്റെ ഉള്ളിൽ
മൂല്യമളവുകോലാകാത്തവർക്കുള്ളിൽ
സർവ നാശമായ് ഭാവിയിൽ തീരുന്ന
നീ അടുക്കുന്ന ചിതയിൽ നിന്നിപ്പോഴും
നിന്നെയോർത്തു പരിതപിക്കാത്തൊരാ
വന്യമാകുമാ ചിത മണക്കുന്നു
ചിത മണക്കുന്നു
തൊടിയിലൊരുകോണി
ലെരിയാത്ത ചിതയിൽ
പച്ച മാവു കൊണ്ടടയാത്ത
ചിതയിൽ
വെന്ത മാംസവും
അസ്ഥിയും കനലും
കൂന കൂടാത്ത
മനസ്സിന്റെ പാത്തിയിൽ.
Comments
Post a Comment